തിരുവനന്തപുരം: കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കുന്ന കേസുകളിൽ കക്ഷികൾ അടച്ച അധിക കോടതി ഫീസ് ഇനി തിരികെ കിട്ടില്ല. ഇതുൾപ്പെടുന്ന വ്യവസ്ഥ ഉൾക്കൊള്ളുന്ന 2026-ലെ കേരള കോടതി ഫീസും വ്യവഹാരസലയും (ഭേദഗതി) ബിൽ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.
മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. നിയമമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ക്ഷേമനിധികളിലേക്ക് ഫീസ് തുക കൈമാറുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഭേദഗതിയെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
സിവിൽ നടപടിച്ചട്ടത്തിലെ 89-ാം വകുപ്പ് പ്രകാരം ഒത്തുതീർപ്പാക്കുന്ന കേസുകളിൽ ഫീസ് തിരികെ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് നേരത്തേ പരാതികളുണ്ടായിരുന്നു. എന്നാൽ, ഈ തുകയുടെ 70 ശതമാനം അഭിഭാഷക ക്ഷേമനിധിയിലേക്കും 30 ശതമാനം അഡ്വക്കേറ്റ് ക്ലാർക്കുമാരുടെ ക്ഷേമനിധിയിലേക്കും മാറ്റുന്നതിനാൽ റീഫണ്ട് നൽകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് സർക്കാരിന്റെ നിലപാട്.
ഇരു ക്ഷേമനിധികളിൽനിന്നും 10 ശതമാനം വീതം വ്യവഹാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി നീക്കിവയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹൈക്കോടതിയുടെ നിർദേശപ്രകാരം 1959-ലെ കേരള കോടതി ഫീസും വ്യവഹാരസലയും നിയമത്തിലെ 76-ാം വകുപ്പിനുശേഷം 76 എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കുന്നതാണ് ബിൽ.